നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അർജ്ജുനൻ ശശിയെ കാണാനായി കോഴിക്കോടിന് പോവുകയാണ് .ഒരുപാട് പറയാനും കേൾക്കാനും ഉണ്ട് അർജുനന്. ഇൗ ഡിജിറ്റൽ കാലത്തും പഴയ ഒരു നോകിയ മൊബൈൽ പോലും ഇല്ലാത്ത ആളാണ് മൂപ്പർ. എന്തിന് ഒരു jioയോ പോലുമില്ല.

അവസാനമായി കണ്ടത് രണ്ടു കൊല്ലം മുൻപാണ്. പ്രിയസുഹൃത്തിന് എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ടാകുമെന്ന് വല്ലാത്തൊരു അങ്കലാപ്പിലാണ് അർജുനൻ. ബസിനു കാത്തുനിന്ന്‌ ഒരുപാട് നേരം കാത്തിരുന്ന ദൈർഘ്യം അനുഭവപ്പെട്ടു അർജ്ജുനന്. ബസ്സ് വന്ന് അതിൽ കയറി സൈഡ് സീറ്റ് തന്നെ ഉറപ്പിച്ചു. പുറത്തെ ഓടി മായുന്ന മരങ്ങളും വീടുകളും നോക്കി അർജ്ജുനൻ ചിന്തിച്ചിരുന്നു.

അവസാനമായി കണ്ട അന്ന് ശശിക്ക് ഒരുപാട് പ്രശ്നങ്ങളായിരുന്നു. ഭാര്യ മരിച്ചു മക്കളൊക്കെ പല വഴിക്ക് പോയി. വല്ലാത്ത ഒരു അസുഖം പിടിച്ച ആളെപ്പോലെ ആയിരുന്നു. ഇപ്പോൾ അതെല്ലാം മാറിയിട്ടുണ്ടാവും അർജുനൻ മനസ്സിൽ പറഞ്ഞു. രണ്ടു കൊല്ലമായില്ലേ എല്ലാം മറന്നു ഊർജസ്വലനായിട്ട്‌ ഉണ്ടാവും.
എന്നാലും ചുണ്ടിൽ ബീഡിയും തോളിൽ സഞ്ചിയും അതെന്നും ശശിക്ക് കൂട്ടാണ്.

അവസാനമായി കണ്ട അതേ സ്ഥലത്തു തന്നെ കാണാം എന്ന് ചിന്തിച്ചു. അവിടെ ടാഗോർ ഹാളിന്റെ അടുത്ത ഹോസ്പിറ്റൽ റോഡിൽ ഒരു ചായക്കടയുണ്ട് അവിടെ കാണും ശശി എ ന്ന് മനസ്സിൽ കരുതി അർജ്ജുനൻ ചിന്തയിൽ മുഴുകി.

പെട്ടെന്ന് പുതിയ സ്റ്റാൻഡ് എന്നു് ബസ്സിലെ കിളി വിളിച്ചു കൂവിയപ്പോൾ ഞെട്ടലോടെ അയാൾ ചാടി എഴുന്നേറ്റു. പിന്നെ ഒരു ഓട്ടോ വിളിച്ചു ടാഗോർ വരെ പോയി. എന്നും കാണുന്ന ചായക്കടയുടെ അടുത്തെത്തി ഒരു ചായ കുടിച്ചു ഒരു സിഗരറ്റും കത്തിച്ച് ശശിയെ കാത്തിരുന്നു. ശശി വരുന്ന സമയമായിട്ടില്ല.

ചായയുടെ ചൂടിലും സിഗരറ്റിന്റെ പുകയിലും മുഴുകി അർജ്ജുനൻ വീണ്ടും ശശിയെ പറ്റി ഓർത്തു. സിവിൽ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന കാലത്ത് തൊട്ടുള്ള പരിചയം. എഴുത്തിന്റെയും മദ്യപാനത്തിന്റെയും കൂട്ടുകെട്ടുകൾ. ഒരുപാട് സമരപന്തലുകളിൽ സിന്ദാബാദ് വിളികൾ. ശശി എന്നും എല്ലാത്തിനും നേതൃത്വം കൊടുക്കുന്ന ആളായിരുന്നു. നാട്ടുകാരുടെ സഹായവും വക്കാലത്ത് കാരനുമായിരുന്നു പുള്ളി.

ഒരിക്കൽ ശശിയും താനും കൂടി കലക്ടർക്കെതിരെ മുദ്രാവാക്യം മുഴക്കിയതും പോലീസ് തൂക്കി കൊണ്ടുപോയതും അർജുനൻ ഇന്നലെ കഴിഞ്ഞപോലെ ഓർത്തു. ശശിയെ കുറിച്ച് ഓർക്കാൻ അർജുനന് 30 കൊല്ലത്തെ കഥകളുണ്ട് എന്നാലും മനസ്സിൽ വിപ്ലവങ്ങൾ നിറഞ്ഞ ശശിയെ ആണ് ആദ്യം ഓർമ്മവരിക.

ചായയുടെ ചൂട് കുറഞ്ഞതും സിഗരറ്റ് കുറ്റിയുടെ ചൂട് ചൂണ്ടുവിരലിൽ കൊണ്ടതും അർജുനൻ ഓർമകളുടെ ലോകത്തുനിന്നും മടങ്ങിവന്നു. ചായക്കടയിലെ അബ്ദുഹാജിയ്‌ക്ക് അർജ്ജുനനെ മനസ്സിലായി. അദ്ദേഹം ചോദിച്ചു അർജ്ജുനനോട്  “അറിഞ്ഞിട്ടു വന്നതാണോ” എന്ന്.. !. ഒരു അമ്പരപ്പോടെ ആശ്ചര്യത്തോടെ അർജുനൻ ചോദിച്ചു “എന്ത് അറിഞ്ഞിട്ട്”?.

ചരിഞ്ഞ തോളും വാടിയ മുഖവുമായി അബ്ദുക്ക പറഞ്ഞു “ശശിയെ കാത്തിരിക്കാണേൽ ഇനി വരില്ല അയാൾ;  ഇന്ന് വെളുപ്പിന് ശശി അന്തരിച്ചു…. വൈകീട്ട് 6ന് ദഹിപ്പിക്കും”.

ഒന്ന് ഇടറിയ ശബ്ദത്തോടെ വിങ്ങി അർജുനൻ. കയ്യിലെ സിഗരറ്റ് പാക്കറ്റ് താഴെ വീണു, കണ്ണിൽ ഇരുട്ടു പടർന്നു “എന്റെ ശശി മരിച്ചെന്നോ?.. “എന്ന് ചോദിച്ചു കൊണ്ട് സൈഡിലെ ഭിത്തിയിൽ ചാരിയിരുന്നു.

അബ്ദുക്ക പറഞ്ഞു “5.45 വരെ വീട്ടുവളപ്പിൽ പൊതുദർശനം ഉണ്ട്; വേഗം പോയാൽ ഒരു നോക്കു  കാണാം” എന്ന്. ചുവന്നു കലങ്ങിയ കണ്ണിൽ നിറയെ വേദനയുടെ തീകൊള്ളികൾ നിറഞ്ഞിരുന്നു. “പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്കുകാണാൻ വന്നപ്പോൾ ഈ തരത്തിൽ ആയല്ലോ” എന്നുപറഞ്ഞുകൊണ്ട് അർജുനൻ ഉടനെ അടുത്തു കണ്ട ഓട്ടോയിൽ കയറി നേരെ ശശിയുടെ വീട്ടിലേക്ക് പോയി.

അവസാനത്തെ കൂടിക്കാഴ്ച; ഒരുപാട് പറയാനും കേൾക്കാനും ഉണ്ടായിരുന്നു അയാൾക്ക് ശശിയുടെ അടുത്തുനിന്നും. ഒന്നും ഇനി ഉണ്ടാവില്ല എന്ന ബോധത്തോടെ  ഓട്ടോയിൽ ശശിയുടെ അടുത്തേക്ക് അയാൾ പോകുന്നത് നോക്കി നിന്നു അബ്ദുക്ക.

“വലിയ ചങ്ങായിമാരായിരുന്നു അവര്; കുറേക്കാലത്തെ കാര്യങ്ങൾ പറയാനുണ്ടായിരുന്നു അവർക്ക് ഇനി പടച്ചോന്റെ അടുത്ത് പോയിട്ട് പറയാനേ കഴിയുവല്ലോ എല്ലാം”. എന്ന് പിറുപിറുത്ത് കൊണ്ട് അബ്ദുക്ക അടുക്കളയിലേക്ക് നടന്നു.